കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ചെറുതാഴം രാമപുരത്ത് ലോറിയിൽ കടത്തുകയായിരുന്ന പത്തായിരം ലിറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് വന്ന ലോറിയെ പൊലീസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോൾ ലോറി മുഴുവൻ സ്പിരിറ്റ് നിറച്ചിരിക്കുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സ്പിരിറ്റും ലോറിയും ഔദ്യോഗിക കസ്റ്റഡിയിൽ എടുത്തു.ലോറി ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്പിരിറ്റ് എവിടേക്കാണ് കടത്താൻ ഉദ്ദേശിച്ചതെന്നും പിന്നിൽ മറ്റൊരു സംഘമുണ്ടോയെന്നും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുന്നു.







