തളിപ്പറമ്പ്: വെളിച്ചെണ്ണ ഫാക്ടറിയും അനുബന്ധ സ്ഥാപനങ്ങളും കത്തിനശിച്ച് കോടികളുടെ നഷ്ടം. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പള്ളിക്ക് എതിര്‍വശത്തെ ഗ്രാമിക കോക്കനട്ട് ഓയില്‍ മില്ലാണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വായാട്ടുപറമ്പിലെ പുളിയന്‍മാക്കല്‍ ഫ്രെഡി സെബാസ്റ്റ്യന്റേതാണ് സ്ഥാപനം. കരുവന്‍ചാല്‍- വായാട്ടുപറമ്പ് മലയോര ഹൈവേക്ക് സമീപത്തായാണ് ഓയില്‍മില്ല് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെ മില്ലില്‍ നിന്ന് അസാധാരണമായ വിധത്തില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോഴാണ് തീ പിടിച്ചതാണെന്ന് അറിയുന്നത്. നാട്ടുകാര്‍ ഉടന്‍ സ്ഥാപന ഉടമകളെ വിവരമറിയിച്ചു. തുടര്‍ന്ന് എസ്.ഐ. റജികുമാറിന്റെ നേതൃത്വത്തില്‍ ആലക്കോട് പൊലീസും തളിപ്പറമ്പ്, പെരിങ്ങോം, കണ്ണൂര്‍, എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനകം മില്ലിലുണ്ടായിരുന്ന വെളിച്ചെണ്ണയും കൊപ്രയും ഓഫീസിലെ കമ്പ്യൂട്ടറുകളും അടക്കം പൂര്‍ണമായും കത്തിനശിച്ചിരുന്നു. പതിനായിരം ലിറ്റര്‍ വെളിച്ചെണ്ണ, മുപ്പത് ടണ്‍ കൊപ്ര, നാല് ടണ്‍ തേങ്ങ, നാല് ടണ്‍ തേന്‍, ക്വിന്റല്‍ കണക്കിന് പിണ്ണാക്ക്, ഓയില്‍ ടാങ്കുകള്‍, ബോയിലറുകള്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന മെഷീനുകള്‍, ഫാക്ടറിയോടുചേര്‍ന്നുള്ള ഓഫീസിലെ നാല് കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പ് മറ്റ് ഓഫീസ് സാമഗ്രികള്‍ തുടങ്ങിയവയാണ് കത്തിനശിച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തളിപ്പറമ്പ് ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍. കുര്യാക്കോസ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ ഹരിനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമാണ് തീ അണയ്ക്കലിന് നേതൃത്വം നല്‍കിയത്. സേനാംഗങ്ങളായ അനുരൂപ്, സി. അഭിനേഷ്, അഭിനവ്, വിനോദ്, രജീഷ്, ജയന്‍, മാത്യു എന്നിവരും തളിപ്പറമ്പ ഫയര്‍ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ ശ്യാമിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും, ഷിജോയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയിരുന്നു. 12,000ലിറ്റര്‍ വെള്ളം കൊള്ളുന്ന വാട്ടര്‍ ബ്രൗസറുമായാണ് ഫയര്‍ഫോഴ്സ് തീയണക്കാന്‍ എത്തിയത്.
ഓയില്‍ മില്ലിനോട് ചേര്‍ന്നാണ് തൊഴിലാളികളും താമസിക്കുന്നത്. ഭാഗ്യം കൊണ്ടാണ് ഇവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.







