കൊച്ചി: പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവം അറസ്റ്റില്‍. വധശ്രമത്തിന് കേസെടുത്തു. മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചാണ് ഇയാള്‍ യുവതിയെ മര്‍ദിച്ചത്. ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അഞ്ച് വര്‍ഷമായി യുവതിയും ഗോപു പരമശിവവും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഈ കാലയളവിലുടനീളം ഇയാള്‍ യുവതിയെ നിരന്തരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. പീഡനം സഹിക്കാനാകാതെ യുവതി കഴിഞ്ഞ ദിവസം വീട് വിട്ടിറങ്ങി പോയിരുന്നു. തുടര്‍ന്ന് ഗോപു പരമശിവം യുവതിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ ബന്ധപ്പെടുകയും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ യുവതി പൊലീസിനോട് പീഡനവിവരം വെളിപ്പെടുത്തുകയും ശരീരത്തിലെ പരിക്കുകള്‍ കാണിക്കുകയും ചെയ്തു.
ചാര്‍ജര്‍ വയര്‍ പൊട്ടുന്നത് വരെ മര്‍ദ്ദിച്ചിരുന്നതായും, മര്‍ദ്ദനത്തിന് പ്രത്യേക കാരണം പോലും ഉണ്ടാവാറില്ലെന്നും യുവതി മൊഴി നല്‍കി. നേരത്തെയുള്ള വിവാഹബന്ധത്തില്‍ യുവതിക്ക് രണ്ട് കുട്ടികളുണ്ട്. അവര്‍ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസിക്കുന്നത്. മര്‍ദ്ദനവിവരം പുറത്തുപറഞ്ഞാല്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഗോപു പരമശിവം ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.







