മുള്ളേരിയ: ബി ജെ പിക്കു ശക്തമായ അടിത്തറയുള്ള അതിര്‍ത്തിപ്പഞ്ചായത്തായ ബെള്ളൂരില്‍ ഇത്തവണ പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിട്ടേക്കുമെന്നു പ്രവര്‍ത്തകര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ഈ പഞ്ചായത്തില്‍ പ്രധാന മത്സരം പാര്‍ട്ടി നേതാക്കന്മാരും പ്രവര്‍ത്തകരും തമ്മിലായിരിക്കുമെന്നു അനുഭാവികളും പറയുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അസ്വാരസ്യത്തെത്തുടര്‍ന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു പ്രചരണത്തിനു തുടക്കം കുറിച്ചിട്ടുണ്ട്. തനിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അന്നത്തെ ആറാം വാര്‍ഡില്‍ മത്സരിച്ചുവിജയിച്ച ഗീത പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു. വാര്‍ഡില്‍ അതിനുശേഷം മികച്ച വികസന പ്രവര്‍ത്തനവും നടന്നിട്ടുണ്ടെന്നു വോട്ടര്‍മാര്‍ പറയുന്നു. ഇത്തവണയും ആ വാര്‍ഡില്‍ മത്സരിക്കണമെന്ന് അതേ വാര്‍ഡുകാര്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ പാര്‍ട്ടി നേതൃത്വം അവിടെ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. ഇതിനെത്തുടര്‍ന്നു 5-ാം വാര്‍ഡായ കായര്‍പദവില്‍ മത്സരിക്കണമെന്ന് ആ വാര്‍ഡിലെ ജനങ്ങള്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് ആ വാര്‍ഡിലേക്ക് അവര്‍ പത്രിക സമര്‍പ്പിക്കുകയുമായിരുന്നു.
ഇതു പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. ഗീത ഇത്തവണയും ജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണവുമായാല്‍ ഗീതയെ പ്രസിഡന്റാക്കേണ്ടിവരുമെന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നും പറയുന്നുണ്ട്. ഇതൊഴിവാക്കാന്‍ മിക്ക നേതാക്കന്മാരും ഭാര്യമാരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുകയും ചെയ്തിരുന്നുവത്രെ. ഒടുവില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായപ്പോഴാണ് അവര്‍ പിന്മാറിയതെന്നു പറയുന്നു. അതിനിടയില്‍ സ്ഥാനാര്‍ത്ഥിത്വ പ്രശ്നം വിവാദമാവുകയുമായിരുന്നു. ഗീതയെ പിന്തിരിപ്പിക്കാനും ഇപ്പോഴത്തെ എട്ടാം വാര്‍ഡില്‍ സീറ്റ് നല്‍കാനും പാര്‍ട്ടി സന്നദ്ധായിട്ടുണ്ടെന്നു സൂചനയുണ്ട്. എന്നാല്‍ കായര്‍പദവ് വാര്‍ഡില്‍ നിന്നു അവര്‍ പിന്മാറാന്‍ പ്രവര്‍ത്തകര്‍ അനുവദിക്കുമോ എന്നതു തലവേദനയായിട്ടുണ്ട്. ഇതു സംബന്ധിച്ചു നേതാക്കന്മാര്‍ ഗീതയുമായി ഇന്നു ചര്‍ച്ച നടത്തുമെന്നു പറയുന്നുണ്ട്. എന്നാല്‍ അത്തരമൊരുകാര്യം ആരും തന്നെ അറിയിച്ചിട്ടില്ലെന്നു ഗീത പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13 വാര്‍ഡാണ് ബള്ളൂര്‍ പഞ്ചായത്തിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പതു സീറ്റ് ബി ജെ പിക്കായിരുന്നു. ഇപ്പോള്‍ 14 വാര്‍ഡായിട്ടുണ്ട്. ഒന്നിച്ചു നിന്നാല്‍ 10 വാര്‍ഡുകളില്‍ അനായാസം ജയിക്കാനുള്ള അടിത്തറ ബി ജെ പിക്കുണ്ട്.







