ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണം കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയുടെ മുന്‍ ജീവനക്കാരനായ മലയാളിയും പിടിയിലായിട്ടുണ്ട്. അഞ്ചംഗം സംഘം കവര്‍ച്ചചെയ്ത പണം ബംഗളൂരു പൊലീസ് ചെന്നൈയില്‍ കണ്ടെത്തി. ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് ചെന്നൈയിലേക്ക് പണം കടത്തുകയായിരുന്നു. ഗോവിന്ദപുര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളായ അപ്പണ്ണ നായക് ആണ് അറസ്റ്റിലായത്. കവര്‍ച്ച ആസൂത്രണം ചെയ്തതിന് പിന്നില്‍ ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തല്‍. മലയാളിയായ മുന്‍ ജീവനക്കാരന്‍ അടുത്തിടെ കമ്പനിയില്‍നിന്ന് രാജിവച്ചിരുന്നു. കഴിഞ്ഞ ആറ് മാസമായി കോണ്‍സ്റ്റബിളുമായി അയാള്‍ അടുപ്പത്തിലായിരുന്നെന്നും, വിപുലമായ കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാന്‍ ഈ അടുപ്പത്തിലൂടെ കഴിഞ്ഞെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു
കവര്‍ച്ച നടന്ന സ്ഥലത്തു നിന്നുള്ള മൊബൈല്‍ ടവര്‍ ഡാറ്റ ലഭിച്ചതോടെയാണ് കേസില്‍ വഴിത്തിരിവായത്. മലയാളിയും കോണ്‍സ്റ്റബിളും അന്ന് പലതവണ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. കവര്‍ച്ചാ സംഘം രക്ഷപ്പെട്ട ഇന്നോവ കാര്‍ ആന്ധ്രയിലെ ചിറ്റൂര്‍ തിരുപ്പതിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് പ്രതികളെ കണ്ടെത്താനുള്ള നിര്‍ണായക സൂചനയായി. മോഷ്ടാക്കളെ കണ്ടെത്താന്‍ ബെംഗളൂരു പൊലീസ് എട്ട് പ്രത്യേക ടീമിനെ നിയോഗിക്കുകയും വിവിധ സംസ്ഥാനങ്ങളില്‍ 200 ഓളം ഉദ്യോഗസ്ഥരെ അയക്കുകയും ചെയ്തിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയാണ് സംഘം കൊള്ളയടിച്ചത്. സ്വകാര്യ കമ്പനിയുടെ വാനില്‍ വന്ന് ഇറങ്ങിയവരാണ് പണം കവര്‍ന്നത്. നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവര്‍ച്ചക്കാര്‍ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവര്‍ പണവും വാനിലെ ജീവനക്കാരെയും കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവര്‍ച്ച നടന്നത്.







