കാസർകോട്: കാറിൽ നിന്ന് 18 ഗ്രാം എംഡി എം എ, 11 ഗ്രാം നൈട്രോസെപം ഗുളിക എന്നിവ പിടികൂടിയ കേസിൽ പ്രതിക്ക് രണ്ടുവർഷവും മൂന്നുമാസവും കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. കണ്ണൂർ മുഴപ്പിലങ്ങാട് കളം ബസാറിൽ ബൈതുൽ തൗഫീഖ് മൻസിലിലെ സി വി റുഹൈബി (35)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും അനുഭവിക്കണം. 2019 സെപ്റ്റംബർ 6ന് രാത്രി എട്ടര മണിക്ക് മുള്ളേരിയ – ജാൽസൂർ റോഡിൽ കുണ്ടാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുൻവശത്തുവെച്ചാണ് കാറിൽ കൊണ്ടുപോകാൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടിയത്. ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പിന്നീട് കേസിൻ്റെ അന്വേഷണം നടത്തിയത് കാസർകോട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർമാരായ വിനോദ് ബി നായർ, ഡി ബാലചന്ദ്രൻ എന്നിവർ ആയിരുന്നു. ഈ കേസിലെ രണ്ടാം പ്രതി കൻസുൽ ഹക്ക് ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.







