തളിപ്പറമ്പ്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വലയിലാക്കി ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ . മലപ്പുറം , കച്ചാപറമ്പിലെ തലയഞ്ചേരി വീട്ടില്‍ ഷാഹദിനെ(29)യാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി: കെ.ഇ പ്രേമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇസ്പെക്ടർ പി. ബാബുമോന്റെ നിര്‍ദേശപ്രകാരം എസ്.ഐ: ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന ബംഗ്‌ളൂരു വിജയനഗര ഹര്‍പ്പനഹള്ളിയില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് പിടികൂടിയത്. വെളളിയാഴ്ച്ച രാവിലെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ചെങ്ങളായി പഞ്ചായത്ത് പരിധിയിലെ യുവതിയാണ് പീഡനത്തിനിരയായത്. നേരത്തെ വിവാഹിതയായ യുവതി തളിപ്പറമ്പിലെ ഒരു കോളേജില്‍ പഠിച്ചിരുന്നു. ഇക്കാലത്ത് ഇന്‍സ്റ്റഗ്രാം വഴിയാണ് ഷാഹദ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് പ്രണയംനടിച്ച് ബക്കളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നുവത്രെ. പിന്നീട് ഇരുവരും അകന്നു. ഇതിന് പിറകെ കൂടെ വരണമെന്ന് ആവശ്യപ്പെട്ട് യുവാവ് യുവതിക്ക് സന്ദേശം അയക്കാന്‍ തുടങ്ങി. യുവതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നേരത്തെ റെക്കോര്‍ഡ് ചെയ്തിരുന്ന പീഡനദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ഇതോടെ യുവതി ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബക്കളത്തായതിനാല്‍ പരാതി ഇവിടേക്ക് കൈമാറുകയായിരുന്നു.ഡ്രൈവറായ ഷാഹദ് നേരത്തെ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിയും ചെയ്തിരുന്നു.
പ്രൊബേഷന്‍ എസ്.ഐ: ഹസ്ബര്‍ ബാബു, എ.എസ്.ഐ: ഷിജോ അഗസ്റ്റിന്‍, സി.പി.ഒ: രമേശന് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.







