തലപ്പാടി: ദാമ്പത്യ പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ബുര്‍ഖയിട്ട് ഭര്‍ത്താവിന്റെ വസ്ത്രായത്തിലെത്തി അയാളെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. ബി സി റോഡിലെ ജ്യോതി സോമയാജി (30)യെ ആണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ബി സി റോഡിലെ സോമയാജി ടെക്‌സ്‌റ്റൈല്‍സ് ഉടമ കൃഷ്ണകുമാര്‍ (38) ആണ് വധശ്രമത്തിനു ഇരയായത്. കൃഷ്ണകുമാറും ഭാര്യ ജ്യോതിയും കുറച്ചു കാലമായി ദാമ്പത്യ പ്രശ്‌നത്തിലായതിനാല്‍ വേര്‍പിരിഞ്ഞാണ് താമസം. ഇതു സംബന്ധിച്ച് കേസുള്ളതായും പറയുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ബുര്‍ഖ ധരിച്ചു വസ്ത്രാലയത്തില്‍ എത്തിയ ജ്യോതി ക്യാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്ന ഭര്‍ത്താവ് കൃഷ്ണ കുമാറിന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയത്. കുത്തേറ്റ കൃഷ്ണകുമാറിന്റെ നിലവിളി കേട്ട് ജീവനക്കാര്‍ ഓടിക്കൂടുന്നതിനിടയില്‍ ജ്യോതി കടയില്‍ നിന്നു ഇറങ്ങിയോടി. ജീവനക്കാരും സ്ഥലത്തു ഉണ്ടായിരുന്നവരും ജ്യോതിയെ പിന്തുടര്‍ന്ന് പിടികൂടിയാണ് പൊലീസിനു കൈമാറിയത്.







