കണ്ണൂര്‍: ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് എന്ന പേരില്‍ പൊതുവിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ജില്ലാ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍, സിജു എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍, തലശേരി, തളിപ്പറമ്പ, പയ്യന്നൂര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്. അധ്യാപക- അനധ്യാപക നിയമനങ്ങളിലെ അഴിമതിയും ക്രമക്കേടും പരിശോധനയില്‍ കണ്ടെത്തി. ഭിന്നശേഷി തസ്തികയുടെ പേരിലും തട്ടിപ്പ് നടന്നതായി വ്യക്തമായിട്ടുണ്ട്. അനധികൃതമായ നിയമനത്തിന് ഒത്താശ ചെയ്യുക, നിയമനം ലഭിക്കേണ്ടുന്ന അധ്യാപക തസ്തികകളുടെ ഫയലുകള്‍ വച്ച് താമസിപ്പിച്ച് പണം വാങ്ങുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയതായും വിജിലന്‍സ് വ്യക്തമാക്കി. പയ്യന്നൂര്‍ ഓലയമ്പാടിക്കടുത്ത എയ്ഡഡ് വിദ്യാലയത്തില്‍ ഡിവിഷന്‍ നിലനിര്‍ത്തുന്നതിനായി കുട്ടികളുടെ എണ്ണം കൂടുതലായി എഴുതിച്ചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. തലശേരിയില്‍ നടന്ന പരിശോധനയില്‍ ഒമ്പത് കുട്ടികള്‍ മാത്രം പഠിക്കുന്ന എട്ടാം ക്ലാസില്‍ അറ്റന്റന്‍സ് രജിസ്റ്ററില്‍ 28 വിദ്യാര്‍ത്ഥികള്‍ ഉള്ളതായി രേഖപ്പെടുത്തിയതായും വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ വിദ്യാലയങ്ങളിലെ രേഖകള്‍ പരിശോധിച്ച് ഇതുസംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു







