കാസര്‍കോട്: ട്രെയിനില്‍ ഉറങ്ങിക്കിടന്ന കാസര്‍കോട് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന മോഷ്ടാവിനെ മണിക്കൂറിനകം പിടികൂടി റെയില്‍വേ പൊലീസ്. തമിഴ് നാട് കന്യാകുമാരി സ്വദേശി ഇ സുരേഷാ(47)ണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് സ്വദേശി ഹാഷിം ബംബ്രാണിയുടെ മൊബൈല്‍ ഫോണാണ് പ്രതി ട്രെയിനില്‍ നിന്ന് കവര്‍ന്നത്. എറണാകുളത്തുനിന്നും ഒകെ എക്‌സപ്രസില്‍ കാസര്‍കോട്ടേയ്ക്ക് വരികയായിരുന്നു ഹാഷിം. അല്‍പം മയങ്ങിയപ്പോള്‍ എന്തോ ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. അപ്പോള്‍ തന്നെ കോച്ചിലുണ്ടായിരുന്ന ടിടിഇ യെ വിവരമറിയിച്ചു. അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് വിവരം കൈമാറി. ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് പൊലീസ് അരിച്ചു പെറുക്കിയതോടെ കള്ളനെ തൊണ്ടിമുതല്‍ സഹിതം കയ്യോടെ പിടികൂടി. മോഷ്ടാവിനെ കണ്ണുര്‍ റെയില്‍വേ പൊലീസിന് കൈമാറി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിപിഒ തൃക്കരിപ്പൂര്‍ സ്വദേശി ഷംസീര്‍, പെരിങ്ങോം സ്വദേശി മന്‍സൂറ എന്നിവരുടെ അവസരോചിത ഇടപെടലിലാണ് മോഷ്ടാവിനെ മണിക്കൂറിനുള്ളില്‍ പിടികൂടാനായത്. നമ്മള്‍ ഉറക്കത്തിലാകുമ്പോള്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന ഇത്തരം നിയമപാലകരാണ് നമ്മുടെ അഭിമാനമെന്ന് യാത്രക്കാരന്‍ ഹാഷീം ഫേസ് ബുക്കില്‍ കുറിച്ചു.







