ബെംഗളൂരു: കര്‍ണാടകയില്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ കിടക്ക ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടനാഴിയില്‍ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. റാണെബെന്നൂര്‍ കാങ്കോല്‍ സ്വദേശി രൂപ ഗിരീഷി(30)ന്റെ പെണ്‍കുഞ്ഞാണു മരിച്ചത്. പ്രസവവേദന കലശലായതോടെ രൂപയെ ബന്ധുക്കള്‍ ഹാവേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബര്‍ റൂമില്‍ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അകത്തു വിട്ടില്ല. തുടര്‍ന്ന് ശുചിമുറിയിലേക്കു നടന്നുപോകവെ ഇടനാഴിയില്‍ വച്ച് പ്രസവക്കുകയായിരുന്നു. പ്രസവത്തിനിടെ കുട്ടിയുടെ തല തറയിലിടിച്ചു. ഗുരുതരമായി പരിക്കേറ്റ ശിശു മരിച്ചു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ജീവനക്കാരില്‍നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം പരാതിയില്‍ പറഞ്ഞു. കടുത്ത പ്രസവവേദനയില്‍ എത്തിയ രൂപയ്ക്കു ബെഡ് നല്‍കിയില്ലെന്നു മാത്രമല്ല, നിലത്ത് ഇരിക്കാന്‍ നിര്‍ബന്ധിച്ചെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതേസമയം, അവഗണനയുണ്ടായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ ആശുപത്രി സര്‍ജന്‍ ഡോ. പി.ആര്‍. ഹവാനുര്‍ പറഞ്ഞു. കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.
മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് അയച്ച കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.







