കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നിഷേധിച്ചതിനെ തുടർന്ന് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിന്ന് വിട്ടുനിന്ന മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ എൻ.സി.പി.എസിനെ അനുനയിപ്പിക്കാൻ സി.പി.എം നേതാക്കൾ ചർച്ച നടത്തി. ഇതേ തുടർന്ന് എൽ. ഡി. എഫ് അനുവദിച്ച മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൻ. സി. പി. എസ് മത്സരിക്കാൻ ധാരണയായി. നാഷണലിസ്റ്റ് മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാൽ സ്ഥാനാർഥിയാകും. ഇപ്പോൾ ഉണ്ടായ കുറവ് പരിഹരിക്കാൻ തിരഞ്ഞെടുപ്പിന് ശേഷം ഭാവിയിൽ ഉണ്ടാകുന്ന അധികാര സ്ഥാനങ്ങളിൽ അർഹമായ പരിഗണന എൻ. സി. പി സിന് ഉണ്ടാകുമെന്നും അവശ്യങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും സി.പി.എം നേതാക്കൾ ഉറപ്പ് നൽകി.വനം വകുപ്പ് മന്ത്രിയും ദേശീയ നേതാവുമായ എകെ ശശിന്ദ്രനുമായി ജില്ലയുടെ ചുമതല വഹിക്കുന്ന സി. പി. എം സംസ്ഥാന സമിതി അംഗം എം. വി ജയരാജൻ സംസാരിച്ചതിനെ തുടർന്നാണ് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ. പി സതീഷ് ചന്ദ്രൻ, സി. പി.എം. ജില്ലാ സെക്രട്ടറി എം. രാജാഗോപാലൻ എന്നിവർ എൻ. സി. പി എസ് ജില്ലാ ഭാരവാഹികളുമായി ചർച്ച നടത്തിയത്. ബുധനാഴ്ച സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചർച്ചയിൽ ജില്ലാ പ്രസിഡണ്ട് കരീം ചന്തേര, ട്രഷറർ ബെന്നി നാഗമറ്റം, ജനറൽ സെക്രട്ടറിമാരായ ടി. നാരായണൻ മാസ്റ്റർ, ഉദിനൂർ സുകുമാരൻ, സുബൈർ പടുപ്പ്, ഒ.കെ ബാലകൃഷ്ണൻ, ഹമീദ് ചേരങ്കൈ, ലിജോ സെബാസ്റ്റ്യൻ, രാജു കൊയ്യോൻ മുത്തലിബ് കോട്ടപ്പുറം, നാസർ പള്ളം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കാഞ്ഞങ്ങാട്, കാസർകോട് നഗരസഭകളിൽ എൽ ഡി എഫ് സ്ഥാനാർഥിയായി എൻ സി. പി എസ് നേതാക്കൾ മത്സരിക്കും. പിലിക്കോട്, കുറ്റിക്കോൽ ജില്ലാ പഞ്ചായത്ത് സീറ്റുകളിലും പിലിക്കോട് ബ്ലോക്ക് പഞ്ചായത്ത് സീറ്റിലും പാർട്ടി വ്യാഴാഴ്ച നാമ നിർദേശ പത്രിക നൽകാൻ തീരുമാനിച്ചിരുന്നു. ചർച്ചയെ തുടർന്ന് എൻ. സി.പി-എസ് ആ തീരുമാനം ഉപേക്ഷിച്ചു. എൽ ഡി എഫുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി മുഴുവൻ തദ്ദേശ വാർഡുകളിലു മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ എൻ സി പി (എസ്) രംഗത്തിറങ്ങുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.






