ഇരിട്ടി: വൃക്ക സംഘടിപ്പിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രധാനി അറസ്റ്റില്‍. കീഴ്പ്പള്ളി വീര്‍പ്പാട് വേങ്ങശേരി ഹൗസില്‍ വി.എം നൗഫല്‍ (32)നെയാണ് ആറളം എസ്.ഐ: കെ. ഷര്‍ഫുദീന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആയിപ്പുഴ ഫാത്തിമ മന്‍സിലില്‍ ഷാനിഫിന്റെ (30) പരാതിയിലാണ് അറസ്റ്റ്. ഷാനിഫിന്റെ വൃക്ക മാറ്റിവെക്കുന്നതിന് ഡോണറെ സംഘടിപ്പിച്ചുനല്‍കാമെന്നുപറഞ്ഞ് 2024 ഡിസംബര്‍ എട്ട് മുതല്‍ കഴിഞ്ഞ ഒക്‌ടോബര്‍ 18 വരെയുള്ള കാലയളവില്‍ ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇയാളെ കൂടാതെ രണ്ടുപേര്‍ കൂടി തട്ടിപ്പ് സംഘത്തിലുണ്ട്.
മലപ്പുറം തിരൂര്‍ അനന്താവൂരിലെ സി. നബീല്‍ അഹമ്മദില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി സുലൈമാനില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും കണ്ണൂര്‍ പഴയങ്ങാടി എം.കെ ഹൗസില്‍ എം.കെ ഇബ്രാഹിമില്‍ നിന്ന് 1.75 ലക്ഷം രൂപയും പാപ്പിനിശേരി മടക്കരയിലെ ഷുക്കൂറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും സംഘം തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്. വൃക്ക വാഗ്ദാനം ചെയ്താണ് ഇവരെയൊക്കെ തട്ടിപ്പിനിരയാക്കിയത്. നൗഫല്‍ പിടിയിലായതറിഞ്ഞ് തട്ടിപ്പിനു ഇരയാ യ നിരവധി പേര്‍ ആറളം പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംഘം സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.
ചെറുതാഴം ഏഴിലോടെ വാഴവളപ്പില്‍ മൊട്ടമ്മല്‍ ഷഫീഖിന് വൃക്ക വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി ഇന്നലെ പരിയാരം പൊലീസ് സ്റ്റേഷനില്‍ എത്തിയതിന് പിറകെയാണ് മുഖ്യപ്രതിയെ ആറളം പൊലീസ് പിടികൂടിയത്.
വൃക്ക ആവശ്യമുണ്ടെന്നരീതിയില്‍ പത്രങ്ങളിലും ഓണ്‍ലൈനിലും വരുന്ന പരസ്യങ്ങളും മറ്റും കണ്ടാണ് ഇവര്‍ തട്ടിപ്പില്‍ ആള്‍ക്കാരെ കുടുക്കുന്നത്. ഫോണ്‍ ചെയ്തും വാട്‌സ്ആപ്പില്‍ സന്ദേശമയച്ചുമാണ് തങ്ങളുടെ കസ്റ്റഡിയില്‍ കിഡ്‌നി ഡോണര്‍ ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുക. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതില്‍ നിറയെ ഇതുസംബന്ധിച്ച ചാറ്റുകള്‍ കാണപ്പെട്ടു. ഇവ വിശദമായി പരിശോധിച്ച് തട്ടിപ്പിനിരയായവരുമായി ബന്ധപ്പെടാന്‍ പൊലീസ് നീക്കം നടക്കുന്നുണ്ട്.







