കാസര്‍കോട്: സ്വാര്‍ത്ഥതയും പണത്തോടും സ്വര്‍ണ്ണത്തോടുമുള്ള ആര്‍ത്തിയും നുരയിട്ടു പൊങ്ങുന്ന കാലത്ത് സീതാംഗോളി, കല്‍ക്കാര്‍, ഉന്നതിയില്‍ നിന്ന് ഇതാ ഒരു സന്തോഷ വാര്‍ത്ത. കാലപഴക്കം കാരണം ഉപേക്ഷിച്ച പഴ്‌സില്‍ നിന്നു ലഭിച്ച ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണപതക്കവും മോതിരവും ഉടമസ്ഥനു തിരികെ ഏല്‍പ്പിച്ച് സഹോദരീ സഹോദരന്മാര്‍ മാതൃകയായി. കല്‍ക്കാര്‍, ഉന്നതിയിലെ ബാബു സഹോദരി ഗീത എന്നിവരാണ് നാടിനും സമൂഹത്തിനും മാതൃകയായത്.
അയല്‍പക്കത്തുള്ള ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തു നിന്നാണ് കാലപ്പഴക്കം കാരണം ഉപേക്ഷിച്ച പഴ്‌സ് ബാബുവിനു ലഭിച്ചത്. വീട്ടുകാരുടെ അനുമതിയോടെ ബാബു പഴ്‌സ് എടുക്കുകയും ചെയ്തു. വീട്ടിലെത്തി പഴ്‌സ് തുറന്നു നോക്കിയപ്പോള്‍ ബാബു ഞെട്ടിപ്പോയി. പഴ്‌സിനകത്തു സ്വര്‍ണ്ണപതക്കം! വിവരം സഹോദരി ഗീതയോട് പറഞ്ഞു. സ്വര്‍ണ്ണം ഉടമസ്ഥരെ ഏല്‍പ്പിക്കണമെന്നായിരുന്നു സഹോദരിയുടെ ഉപദേശം. പിന്നെ ഒട്ടും താമസിച്ചില്ല; സ്വര്‍ണ്ണപതക്കവുമായി ഇരുവരും അയല്‍ വീട്ടിലെത്തി വിവരം പറഞ്ഞു. സ്വര്‍ണ്ണം കിട്ടിയ കാര്യം കേട്ടപ്പോള്‍ വീട്ടുകാര്‍ക്കു ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സ്വര്‍ണ്ണപതക്കം ഉള്ളം കൈയില്‍ വച്ചു കാണിച്ചപ്പോഴാണ് അവര്‍ക്കത് വിശ്വസിക്കാനായത്. നഷ്ടപ്പെട്ടുവെന്നു കരുതിയ സ്വര്‍ണ്ണമാണ് തിരിച്ചു കിട്ടിയതെന്നും കൂട്ടത്തില്‍ ഒരു മോതിരവും നഷ്ടപ്പെട്ടിട്ടുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു. ഇതുകേട്ട് ബാബു വീട്ടിലേയ്ക്ക് ഓടിക്കിതച്ചെത്തി പഴ്‌സ് തുറന്നു നോക്കിയപ്പോഴതാ രണ്ടാമത്തെ അത്ഭുതം. നഷ്ടപ്പെട്ടുവെന്നു കരുതിയ മോതിരവും പഴ്‌സിനകത്തു ഭദ്രമായി കിടക്കുന്നതു കണ്ടു. മോതിരവും ഉടമസ്ഥനു കൈമാറി. ഗള്‍ഫിലുള്ള വീട്ടുടമ നാട്ടിലേയ്ക്ക് വരുമ്പോള്‍ വേണ്ടരീതിയില്‍ കാണുമെന്ന ഉറപ്പു നല്‍കിയാണ് വീട്ടുകാര്‍ ബാബുവിനെയും ഗീതയെയും യാത്രയാക്കിയത്.






