മഞ്ചേരി: പതിനൊന്നു വയസ്സുകാരിയായ മകളെ ബലാൽസംഗം ചെയ്ത പിതാവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയെയാണ് ജഡ്ജ് എ.എം.അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പിലും നാൽപതു വര്‍ഷം വീതമാണ് കഠിന തടവ്. രണ്ടു ലക്ഷം വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവും അനുഭവിക്കണം. ഇതിനു പുറമെ പോക്‌സോ ആക്ടിലെ 9 എം, 9 എന്‍, ഐപിസി 506 എന്നീ വകുപ്പുകളില്‍ അഞ്ചു വര്‍ഷം വീതം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. കുട്ടിയെ മര്‍ദിച്ചതിന് ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവും ശിക്ഷ വിധിച്ചു. 2022ലും 2023ലുമായി പിതാവ് മൂന്നു തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 11കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. അയൽവാസിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയാണ് ഇയാൾ. ഈ കേസിൽ മഞ്ചേരി കോടതിയിൽനിന്നും പത്തുവർഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ച ഇയാൾ നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. അരീക്കോട് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം.അബ്ബാസ് അലിയാണ് മകളെ പീഡിപ്പിച്ച കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുൻപാകെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി.







