തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ എസ്ഐടി അറസ്റ്റുചെയ്തു. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊള്ളയില്‍ പത്മകുമാറിനുള്ള പങ്ക് വ്യക്തമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. വ്യാഴാഴ്ച രാവിലെ പത്മകുമാറിനെ മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നു എ.പത്മകുമാര്‍. സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായിരുന്നു. കേസില്‍ എട്ടാം പ്രതി ചേര്‍ത്ത പത്മകുമാറിനെ ഇന്ന് തന്നെ കൊല്ലം കോടതിയില്‍ ഹാജരാക്കും. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.







