പത്തനംതിട്ട: പ്രണയം നടിച്ച് 17 വയസ്സുകാരിയെ വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കിയ മോഷണക്കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി മടുക്കോലി സ്വദേശിയായ കെ.എം. മനുവിനെ(28)യാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചാണ് മനു പെൺകുട്ടിയെ വലയിലാക്കിയത്. എന്നാൽ ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന കാര്യം പെൺകുട്ടിക്ക് അറിയില്ലായിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മനു ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചു. ശല്യമായതോടെ പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. പീഡനത്തിന് ശേഷം പൊലീസ് തന്നെ തിരയുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അലക്‌സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് എരുമേലിയിൽ നിന്ന് പ്രതിയായ മനുവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.







