കുമ്പള: തിരഞ്ഞെടുപ്പ് ചൂട് ആളിപ്പടര്‍ത്താന്‍ പ്രമുഖ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ കുമ്പളയില്‍ ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ സി പി എമ്മിനും ബി ജെ പിക്കും എസ് ഡി പി ഐക്കും പിന്നെ മുസ്ലീം ലീഗിനുമെതിരെ പടപ്പുറപ്പാടിനു തയ്യാറെടുത്തു.
കുമ്പള പഞ്ചായത്തില്‍ പുതുതായി രൂപീകരിച്ച ഷേഡിക്കാവ് 24-ാം വാര്‍ഡില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കേശവ നായിക്കാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. സി പി എമ്മും ബി ജെ പിയും മാറിമാറി വിജയിക്കുന്ന വാര്‍ഡാണിത്. കുമ്പള ടൗണില്‍ ഈ വാര്‍ഡും ഉള്‍പ്പെടുന്നു. എസ് ഡി പി ഐ പിന്തുണയോടെ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ ഭരണ സമയത്തു നടന്ന അഴിമതികളെക്കുറിച്ചു മൗനം പാലിച്ചിരുന്നവര്‍ ഇപ്പോള്‍ അഴിമതിക്കും ലീഗ് ഭരണത്തിനുമെതിരെ ഉറഞ്ഞു തുള്ളുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണെന്നു സി പി എമ്മും എസ് ഡി പി ഐയും ബി ജെ പിയും വോട്ടര്‍മാരോടു തുറന്നു പറഞ്ഞാല്‍ മതിയെന്നു കേശവനായിക്ക് പറയുന്നു. ലീഗും ഇതിനെക്കുറിച്ചു വോട്ടര്‍മാരോടു തുറന്നു പറഞ്ഞുവേണം വോട്ടു പിടിക്കാനെന്ന് കേശവനായിക് പറയുന്നുണ്ട്.
കുമ്പളയില്‍ വികസനം നടക്കുന്നില്ലെന്നുമാത്രമല്ല പ്രശ്‌നമെന്ന് അദ്ദേഹം പറയുന്നു. ആസൂത്രിതമായ വികസനം ഇനിആര്‍ക്കും നടത്താന്‍ കഴിയാത്ത തരത്തില്‍ കുമ്പള ടൗണിനെ ഈ പാര്‍ട്ടികളെല്ലാം ചേര്‍ന്നു വികൃതമാക്കിയിരിക്കുകയാണെന്നും നായിക്ക് അക്കമിട്ടു നിരത്തുന്നു. വികസന വിരുദ്ധ- ജനവിരുദ്ധ സംഘങ്ങളുടെ മുഖംമൂടി വലിച്ചെറിയാനാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






