തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ മുതലപ്പാറ വാര്‍ഡ് കോണ്‍ഗ്രസിന് നല്‍കിയതിനെച്ചൊല്ലി മുസ്ലിംലീഗിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തില്‍. പ്രശ്‌നപരിഹാരത്തിന് ചേര്‍ന്ന യോഗത്തില്‍ മുസ്ലിംലീഗ് നേതാക്കളെ കയ്യേറ്റം ചെയ്തു.
പട്ടുവം പഞ്ചായത്തിലെ സീറ്റുകളെ സംബന്ധിച്ച് മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. പട്ടുവം വാർഡ് മുസ്ലിംലീഗിനും മുതലപ്പാറ കോണ്‍ഗ്രസിനും നല്‍കാന്‍ ധാരണയായാണ് പ്രശ്‌നം പരിഹരിച്ചത്. കുതിരപ്പുറം ശാഖ ലീഗ് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മുതലപ്പാറ വാർഡ് കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ ശാഖ ഭാരവാഹികളടക്കം രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ബുധനാഴ്ച കുതിരപ്പുറം ശാഖ, പട്ടുവം ശാഖ ലീഗ് ഭാരവാഹികളുടെ യോഗം തളിപ്പറമ്പ് മണ്ഡലം ലീഗ് ഓഫീസില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗമാണ് ബഹളത്തിലും കയ്യേറ്റത്തിലും കലാശിച്ചത്. പട്ടുവം മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി ഹാമിദ് മാസ്റ്റര്‍ എന്നിവരെയാണ് ഒരുസംഘം കയ്യേറ്റം ചെയ്തത്. മണ്ഡലം ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യേറ്റം. കുതിരപ്പുറം ശാഖ ഭാരവാഹികളാണ് കയ്യേറ്റം നടത്തിയതെന്നു പറയുന്നു. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന സൂചന.







