മഞ്ചേശ്വരം:മുസ്ലീംലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള്‍ അപ്പാടെ നാടുഭരിക്കാന്‍ തയ്യാറെടുക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ ഉടലെടുത്ത അന്തഛിദ്രം തീര്‍ക്കാന്‍ ഇന്നലെ സന്ധ്യക്കു ചേര്‍ന്ന അടിയന്തര മണ്ഡലം പാര്‍ലമെന്ററി ബോഡ് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. പാര്‍ലമെന്ററി ബോഡ് അംഗങ്ങള്‍ക്കു പുറമെ ജില്ലാ- മണ്ഡലം- മംഗല്‍പാടി പഞ്ചായത്ത് ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിക്കുന്ന ബന്തിയോടു ഡിവിഷന്‍ പരിധിയില്‍ വരുന്ന ഒമ്പതു വാര്‍ഡുകളിലെ പാര്‍ട്ടി പ്രതിനിധികളെ ഒരോരുത്തരെയായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയ ഉന്നതാധികാരസമിതി തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നു വെളിപ്പെടുത്തി മടങ്ങുകയായിരുന്നെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു.
തങ്ങള്‍ ഉന്നയിച്ച ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന നിമിഷം ബന്തിയോട്ടെ മഹമൂദിനെക്കൊണ്ടു ബന്തിയോടു ബ്ലോക്ക് പഞ്ചായത്തു ഡിവിഷനിലേക്കു പത്രിക നല്‍കിക്കുമെന്നു പ്രവര്‍ത്തകര്‍ നേതൃത്വത്തെ മുന്നറിയിച്ചു.






