തൃശൂർ: മാള വൈന്തലയിൽ പട്ടാപ്പകൽ അംഗൻവാടി അധ്യാപികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന കേസിൽ യുവതിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും അറസ്റ്റിലായി. മാള സ്വദേശിനി അഞ്ജന (22), 18 വയസ്സുകാരൻ, പ്രായപൂർത്തിയാകാത്ത ആൾ എന്നിവരാണ് പിടിയിലായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മോളി ജോർജിനെ പിന്തുടർന്നെത്തിയ സംഘത്തിലെ ഒരാൾ കണ്ണിൽ മുളകുപൊടി എറിയുകയായിരുന്നു. ഈ സമയം മറ്റൊരാൾ മാല പൊട്ടിച്ചെടുത്ത് സംഘം ബൈക്കിൽ രക്ഷപ്പെട്ടു.മോളി ജോർജ് ജോലി ചെയ്യുന്ന അംഗൻവാടിയിൽ അഞ്ജനയുടെ കുട്ടിയും പഠിക്കുന്നുണ്ട്. ഈ അടുപ്പം മുതലെടുത്താണ് അഞ്ജന കവർച്ചയ്ക്ക് പദ്ധതിയിട്ടത്. ടീച്ചറുടെ കഴുത്തിലെ മാല ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളെ കൂട്ടി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. ടീച്ചറുടെ പരാതി ലഭിച്ച ഉടൻ പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് നിർണ്ണായക സൂചനകൾ ലഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതികൾ പിടിയിലാവുകയായിരുന്നു. മോഷണ ശേഷം ചാലക്കുടിയിലെ ഒരു ജ്വല്ലറിയിൽ മാല വിൽക്കാനുള്ള ശ്രമം വിഫലമായി. കുട്ടിയെ അംഗന്‍വാടിയില്‍ വിടാന്‍ ചെന്നപ്പോഴായിരുന്നു അധ്യാപികയുടെ മാലയില്‍ അഞ്ജനയുടെ നോട്ടം വീണത്. പണമുണ്ടാക്കി അടിച്ചുപൊളി ജീവിതം ആഗ്രഹിച്ചു നടക്കുന്ന യുവതിയാണ് അഞ്ജന. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാക്കളുമായി ബന്ധം സ്ഥാപിച്ചതും ഇങ്ങനെ പണം തട്ടാനായിരുന്നു. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് കഴിയുകയാണ് യുവതിയെന്നും പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ടു യുവാക്കളെ പിടിച്ചുപറിയ്ക്കു പ്രേരിപ്പിച്ചതും അഞ്ജനയായിരുന്നു. ഈ മൂന്നു പേരും ആദ്യമായി ചെയ്യുന്ന കുറ്റകൃത്യമാണിത്. തരിപോലും സ്വര്‍ണം നഷ്ടപ്പെടുത്താതെ അതു വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞു.അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.







