കാസര്‍കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. മാതാവിനും കുഞ്ഞിനും രക്ഷകരായത് 108 ആംബുലന്‍സ് ജീവനക്കാര്‍. പരപ്പ പരപ്പച്ചാല്‍ പുതിയപള്ളിക്ക് സമീപം താമസിക്കുന്ന 23 വയസുകാരിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
തിങ്കളാഴ്ച രാത്രി 11.45 നാണ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തുന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിനു കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് സിജുകുട്ടന്‍ വി.പി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഗ്രേഷ്മ കെ.വി എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. ആംബുലന്‍സ് ഏഴാം മൈല്‍ എത്തുമ്പോഴേക്കും പ്രസവവേദന കലശലായി. തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഗ്രേഷ്മ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ ഇനി സഞ്ചരിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി. പിന്നാലെ ആംബുലന്‍സില്‍ തന്നെ പ്രസവത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.7 ന് ഗ്രേഷ്മയുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഗ്രേഷ്മ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് സിജുകുട്ടന്‍ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.






