പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ 14 വയസുകാരിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ബംഗാളിലെ മാല്‍ഡ ജില്ലയിലെ ഗംഗാരാംപുര്‍ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. കുറ്റൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനതൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പ്രതികള്‍ വീട്ടിലെത്തിയത്. ഗോത്രഭാഷ മാത്രം അറിയാവുന്ന കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റോഡില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ എടുക്കാനായി കുട്ടികള്‍ പുറത്തിറങ്ങിയപ്പോള്‍ പ്രതികള്‍ മുറിയില്‍ കയറി ഒളിച്ചു. കുട്ടികള്‍ തിരികെയെത്തി വാതിലടച്ച് ഉറങ്ങാന്‍ കിടന്ന സമയം 14 കാരിയെ പീഡിപ്പിക്കുകയായിരുന്നു. ഇളയകുട്ടിയായ ഒന്നര വയസുകാരി പേടിച്ച് നിലവിളിച്ചപ്പോള്‍ പ്രതികളിലൊരാള്‍ കുട്ടിയുടെ വായ് പൊത്തിപ്പിടിച്ചു. പ്രതികളെ തള്ളിമാറ്റി പുറത്തിറങ്ങിയോടിയ കുട്ടികള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ഓടിയെത്തിയ ആളുകള്‍ ചേര്‍ന്ന് പ്രതികളെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.







