കാസര്‍കോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ മുസ്ലീം ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കാനിരിക്കെ, ഇന്നലെ അര്‍ധരാത്രി ഫേസ്ബുക്കിലൂടെ ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുവെന്ന് പ്രവര്‍ത്തകര്‍ അല്‍ഭുതപെട്ടു. പാര്‍ടി നേതൃത്വത്തിന് നല്‍കിയ പേരുകളില്‍ ഇല്ലാതിരുന്ന പേര് അത്തരത്തില്‍ കെട്ടിയിറക്കിയത് ആരാണെന്നും ആരോട് ചോദിച്ചാണ് ആ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തകര്‍ ആരായുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ബന്തിയോട് ഡിവിഷനിലേക്ക് മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോടിനെയാണ് ആദ്യപേരുകാരനായി പാര്‍ടി നേതൃത്വത്തിനു ലിസ്റ്റ് നല്‍കിയിരുന്നതെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ടാമനും മൂന്നാമനുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരായ ബിഎം മുസ്തഫ, മജീദ് പച്ചമ്പള എന്നിവരെയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുസംബന്ധിച്ചു പ്രവര്‍ത്തകരുമായി ചര്‍ച്ചപോലും നടത്താതെ മഞ്ചേശ്വരം മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ (അബ്ദുല്‍ അസീസ്) ആ ഡിവിഷന്‍ ചാടിപ്പിടിക്കുകയുമായിരുന്നെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. മുസ്ലീംലീഗിന്റെ കുത്തക ഡിവിഷനില്‍ പ്രവര്‍ത്തകരെ വെല്ലുവിളിച്ചു കൊണ്ടു സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതു പ്രവര്‍ത്തകരോടുള്ള കടുംകൈയായിപ്പോയെന്ന് അവര്‍ മുന്നറിയിച്ചു. പാര്‍ടിക്ക് പ്രിയങ്കരനായ സ്ഥാനാര്‍ഥി ഷാഹുല്‍ ഹമീദായിരുന്നെന്നും ഇത്തവണ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റാവാന്‍ ഷാഹുലിനെ ബന്തിയോട് പഞ്ചായത്ത് വാര്‍ഡില്‍ മല്‍സരിപ്പിക്കണമെന്ന് പാര്‍ടി ആഗ്രഹമറിയിച്ചിരിക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പക്ഷെ വാര്‍ഡ് നിര്‍ണയത്തില്‍ ആ വാര്‍ഡ് സംവരണ വാര്‍ഡായി മാറുകയായിരുന്നു. അതോടെയാണ് എങ്കില്‍ ഷാഹുല്‍ ബന്തിയോട് ബ്ലോക്ക് ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകട്ടെയെന്ന് തീരുമാനിച്ചിരുന്നതെന്ന് പറയുന്നു. മാത്രമല്ല, മംഗല്‍പാടി പഞ്ചായത്തില്‍ വലതു മുന്നണിയിലെ പ്രധാന പാര്‍ടിയായ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച പോലും തുടങ്ങിയിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.







