തിരുവനന്തപുരം: യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. രാജാജി നഗര്‍ സ്വദേശി അലന്‍ (19) ആണ് മരിച്ചത്. തൈക്കാട് അമ്പലത്തിന് സമീപം ആണ് കൊലപാതകം. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി – ചെങ്കൽചൂള ( രാജാജി നഗർ) വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലൻ. തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മുപ്പതോളം വിദ്യാർഥികൾ സംഭവം നടക്കുമ്പോൾ പരിസരത്താണ് ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.







