നിലമ്പൂര്‍: ചുങ്കത്തറയില്‍ 42കാരൻ ആത്മഹത്യ ചെയ്യാൻ കാരണം നഗ്നവീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നെന്നു പൊലീസ്. ചുങ്കത്തറ പള്ളിക്കുത്ത് കുണ്ടുകുളത്തില്‍ രതീഷ് (42)ആണ് ഇക്കഴിഞ്ഞ ജൂണ്‍ 11-ന് ആത്മഹത്യചെയ്തത്. കടംവാങ്ങിയ പണം തിരികെ നല്കാതിരിക്കാനായി ബന്ധുവായ യുവതിയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് രതീഷിനെ ട്രാപ്പില്‍പ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പള്ളിക്കുത്ത് ഇടപ്പലം സിന്ധു (41), ഭര്‍ത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധു പള്ളിക്കുത്ത് കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍ (38), ശ്രീരാജിന്റെ സുഹൃത്തായ കാക്കനാട്ടുപറമ്പില്‍ മഹേഷ് (25) എന്നിവർ അറസ്റ്റിലായി.
ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി സാബു ഒളിവിലാണ്. ഡല്‍ഹിയില്‍ വ്യവസായിയും സ്ഥിരതാമസക്കാരനുമായ രതീഷ് സഹോദരന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ മേയ് മാസം നാട്ടിലെത്തിയത്. കടംനല്കിയ പണം തിരികെ നല്‍കാമെന്ന സിന്ധുവിന്റെ വാക്ക് വിശ്വസിച്ച് രതീഷ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാൽ സിന്ധുവും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മുറിയിലേക്ക് വിളിപ്പിച്ച് കഴുത്തില്‍ക്കിടന്ന സ്വര്‍ണമാല ഊരിയെടുത്ത് രതീഷിനെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. തുടർന്ന് നഗ്ന വീഡിയോ എടുത്തു. പകര്‍ത്തിയ നഗ്‌ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദനം തുടർന്നു. രതീഷ് വഴങ്ങാതായതോടെ പിന്നീട് ഈ വീഡിയോ ഭാര്യക്കും മറ്റു പലര്‍ക്കും അയച്ചു കൊടുത്തിരുന്നു. വീഡിയോ നാട്ടില്‍ പ്രചരിച്ചതിലുള്ള മനോവിഷമത്തിലാണ് ചുങ്കത്തറ കാവലംകോടുള്ള തറവാട്ടു വീട്ടില്‍ രതീഷ് തൂങ്ങിമരിച്ചത്.
സ്വാഭാവിക മരണമായിട്ടാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ചെയ്തത്. രതീഷിന്റെ അമ്മയുടെയും സഹോദരന്‍ രാജേഷിന്റെയും പരാതിയെ ത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മരിച്ച രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമാണ്. ചിത്രീകരിച്ച വീഡിയോ പോലീസ് കണ്ടെടുത്തു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.







