നാരായണന്‍ പേരിയ
തദ്ദേശങ്ങള്‍ സ്വയം ഭരിക്കാനായി തദ്ദേശീയരായ സമ്മതിദായകര്‍ തിരഞ്ഞെടുത്തയച്ചവര്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകരെ ഉദാരമായി സഹായിക്കുന്നു -വാര്‍ത്താ ദാരിദ്ര്യമില്ലാതാക്കിക്കൊണ്ട്.
ദുസ്സഹമായ കൊതുക് ശല്യം പരിഹരിക്കുന്ന കാര്യത്തില്‍ ഭരണാധികാരികള്‍ക്ക് തികഞ്ഞ അനാസ്ഥ എന്ന് എന്നും എഴുതി നിറയ്ക്കാം. ഇവരുടെ ചര്‍മ്മ ഘനം (തൊലിക്കട്ടി) അപാരം തന്നെ എന്നും വാര്‍ത്ത ഉയര്‍ത്തിക്കാട്ടാം. ഭരണാവസരം കാത്തിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ്, പ്രചരണത്തിന് ഉപയോഗിക്കാം. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍…. കൊതുകിന്റെ മൂളല്‍ പോലും കേള്‍ക്കില്ല, സുഖനിദ്ര ഉറപ്പ് എന്ന്. കുഞ്ചന്‍ നമ്പ്യാര്‍ കോലത്ത് നാട്ടിലെ വിശേഷം ചോദിച്ചവരോട് വിപരീതാര്‍ഥത്തില്‍ മറുപടി പറഞ്ഞു:
‘മശകമക്കുണങ്ങളുടെ പരിചരണം കൊണ്ട് രാത്രികളെല്ലാം ശിവരാത്രികള്‍’. (മശകം -കൊതുക്. മക്കൂണം- മൂട്ട. രാത്രി മുഴുവന്‍ ഉറക്കമില്ലാതെ കഴിയണം ശിവരാത്രി നാളില്‍). പണ്ടേയുണ്ട് കൊതുക് ശല്യം.
1946 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഒരു നര്‍മ്മലേഖനമുണ്ട് -ഡിസി കിഴക്കേ മുറിയുടെ രചന: അ. കേ. കൊ. സമ്മേളനം. ( അഖില കേരള കൊതുക് സമ്മേളനം).
കൊതുക് മഹാസഭയുടെ പ്രഥമ വാര്‍ഷിക സമ്മേളനം കോട്ടയത്ത് ‘പൗരധ്വനി’ പത്രം മോഫീസിന് സമീപമുള്ള മൈതാനത്ത് വെച്ച് അത്യാഢംബരപൂര്‍വ്വം നടത്തപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ നാനാഭാഗത്തുനിന്നും പ്രതിനിധികളും സന്ദര്‍ശകരും ആയിരക്കണക്കിന് പങ്കെടുത്തു. സമ്മേളനം വിജയകരമാക്കുന്നതിന് ഗവണ്‍മെന്റും മുനിസിപ്പാലിറ്റിയും സകലവിധ സഹായങ്ങളും ചെയ്തിരുന്നു. സ്വാഗത സംഘാധ്യക്ഷന്‍ ചെയ്ത സുദീര്‍ഘമായ പ്രസംഗത്തില്‍ ഇപ്രകാരം പ്രസ്താവിച്ചു. നമ്മുടെ ആദ്യത്തെ സമ്മേളനം എവിടെ വച്ച് നടത്തണം എന്നതിനെപ്പറ്റി അ. കേ. കൊ. കമ്മിറ്റി കൂടിയപ്പോള്‍ വലിയ വാദപ്രതിവാദങ്ങള്‍ നടക്കുകയുണ്ടായി. നമ്മുടെ സമുദായ അംഗങ്ങള്‍ ധാരാളമായി നിവസിക്കുന്ന കൊച്ചി, ആലപ്പുഴ, കോട്ടയം -ഈ മൂന്ന് നഗരങ്ങളില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങള്‍ അതാത് സ്ഥലങ്ങളിലേയ്ക്ക് ക്ഷണിച്ചിരുന്നു. എല്ലാവരും ഉശിരോടെ പ്രസംഗിച്ചു.
തിരുവിതാംകൂറില്‍ സമ്മേളനം നടത്തുവാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാവുമ്പോഴേയ്ക്കും വല്ല നിരോധന ഉത്തരവും ഉണ്ടായേക്കുമെന്നും അതുകൊണ്ട് കൊച്ചിയില്‍ നടത്തുന്നതായിരിക്കും നല്ലത് എന്നും അവിടെ നിന്നും വന്നവര്‍ വാദിച്ചു. പതിനെട്ട് ലക്ഷം കൊതുകുകള്‍ അധിവസിക്കുന്ന (സര്‍ക്കാരിന്റെ കണക്കാണിത്) ആലപ്പുഴയില്‍ വെച്ച് സമ്മേളനം കൂടണമെന്ന് അവിടെ നിന്നും വന്നവര്‍ ശഠിച്ചു. എന്നാല്‍, ആലപ്പുഴയെക്കാള്‍ എത്രയോ ലക്ഷം കൊതുകുകള്‍ കൂടുതലായി നിവസിക്കുന്ന കോട്ടയത്താണ് നടത്തേണ്ടത് എന്ന ഞങ്ങളില്‍ച്ചിലരുടെ വാദം ഒടുവില്‍ നേതൃത്വം സ്വീകരിച്ചു. അങ്ങനെ നാം ഇപ്പോള്‍ ഇവിടെ ഒത്തുകൂടുന്നു.
ഈ ഘട്ടത്തില്‍ ഒരു യുവ കൊതുക് ചോദിച്ചു; ഇപ്പോള്‍ കോട്ടയം ഭരിക്കുന്നത് നികുതിദായകര്‍ തിരഞ്ഞെടുത്ത അംഗങ്ങളാണല്ലോ. അവര്‍ ജനാഭിപ്രായത്തിനൊത്ത എന്തെങ്കിലും ചെയ്യാനിടയുണ്ട്. അപ്പോള്‍ നമ്മുടെ കാര്യം?
അധ്യക്ഷക്കൊതുക്: യുവസഹോദരാ, ഭയപ്പെടേണ്ടാ. നികുതിദായക സംഘം സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ഭരണത്തിലേറുകയും ചെയ്തപ്പോള്‍ ഞാനും ഭയപ്പെട്ടു. എന്നാല്‍ അവര്‍ ഭരണം കൈയാളാന്‍ തുടങ്ങിയിട്ട് കൊല്ലം നാലായി. എന്തെങ്കിലും ശല്യം നമുക്കുണ്ടായോ? ഏത് പാര്‍ട്ടിക്ക്/ മുന്നണിക്ക് ഭൂരിപക്ഷം കിട്ടി അധികാരത്തിലെത്തിയാലും ഇതു തന്നെയാണ് സംഭവിക്കുക. പല കൗണ്‍സിലര്‍മാരും എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്. ഞാനും ചില കൗണ്‍സിലര്‍മാരുടെയും ചെയര്‍മാന്റെയും ഔദ്യോഗിക വസതിയില്‍ താമസിച്ചിട്ടുണ്ട്. നമ്മുടെ വര്‍ഗ്ഗക്കാര്‍ക്ക് സുഖവാസമാണ്. നമ്മുടെ വര്‍ഗ്ഗക്കാര്‍ക്ക് സുഖവാസത്തിനുള്ള സംവിധാനങ്ങള്‍ അവിടെയുണ്ട്.
സ്‌കൂള്‍ കുട്ടികള്‍ ദാഹജലം കിട്ടാതെ തൊണ്ടവരണ്ട് റോഡില്‍ വീഴുന്നു, പൊടിശല്യം രൂക്ഷം. പ്രതിപക്ഷപ്പാര്‍ട്ടികള്‍ സമരം നടത്തിയിട്ടും എന്തെങ്കിലും മാറ്റമുണ്ടായോ? ഇല്ല എന്നാണ് അനുഭവം പഠിപ്പിക്കുന്നത്. ആശുപത്രികളിലും ഹോട്ടലുകളിലും മുനി മന്ദിരത്തിലുമെല്ലാം നമ്മുടെ വര്‍ഗ്ഗക്കാര്‍ കൂട്ടമായി താമസിക്കുന്നുണ്ട്. സൈ്വരവാസം. ആര് ഭരിച്ചാലും അതിനൊന്നും ഒരു മാറ്റവും ഉണ്ടാവുകയില്ല, ഇത്രയുമായപ്പോള്‍, സമ്മേളനത്തില്‍ പങ്കെടുത്ത കൊതുകുകള്‍ ആഹ്ലാദ പൂര്‍വ്വം ചിറകിട്ടടിച്ചു. (ഹസ്ത താഡനത്തിനു പകരം).
ഡിസി 1946-ലെ കാര്യം -കൊതുകുശല്യം സംബന്ധിച്ചാണ് നര്‍മ്മലേഖനമെഴുതിയത്; തദ്ദേശങ്ങള്‍ ഭരിക്കുന്നവരുടെ അനാസ്ഥയെക്കുറിച്ചും. എം ആര്‍ നായര്‍ (മാണിക്കോത്ത് രാമുണ്ണി നായര്‍) എന്ന പാറപ്പുറത്ത് സഞ്ജയന്‍ കോ. മു. വിലാപം എന്ന കവിതയിലൂടെ വിമര്‍ശിച്ചത് കോഴിക്കോട് മുനിസിപ്പാലിറ്റി ഭരിക്കുന്നവരെയാണ്. കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ‘നരിമട’യിലെ ദുസ്സഹ ദുര്‍ഗ്ഗന്ധത്തെക്കുറിച്ച് പറഞ്ഞത്, മുനിസിപ്പാലിറ്റി തോറ്റുപോകും ഇതിന്റെ മുമ്പില്‍ എന്ന്. ഒരു തിരുത്തല്‍ വേണം ഇന്ന്. മുനിസിപ്പാലിറ്റി മുന്നില്‍ നില്‍നില്‍ക്കും എന്ന്.
നമ്മുടെ മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ കന്നുകാലികളും തെരുവ് നായ്ക്കളും. വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു. യാത്രക്കാര്‍ ഭയാകുലര്‍. ദുര്‍ഗ്ഗന്ധത്തിന്റെ കാര്യം പറയാനുമില്ല.
അടുത്ത തിരഞ്ഞെടുപ്പില്‍ ആര് അധികാരത്തിലേറും എന്ന് ചര്‍ച്ച ചെയ്യുകയാണോ കന്നുകാലികളും തെരുവ് നായകളും? ആശങ്ക അസ്ഥാനത്ത്. ആര് ജയിച്ചാലും ദുരവസ്ഥയ്ക്ക് അറുതിയുണ്ടാവുകയില്ല.







