കണ്ണൂര്‍: പയ്യന്നൂരില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ പരിപാടിക്ക് ചുമതലപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് ജോലി സമ്മര്‍ദം മൂലമാണെന്ന ആക്ഷേപം തള്ളി ജില്ലാ കലക്ടര്‍. അനീഷിന്റെ മരണ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അനീഷ് തന്റെ ജോലി കൃത്യമായി ചെയതിട്ടുണ്ടെന്നും അരുണ്‍ കെ വിജയന്‍ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്ത് ബി എല്‍ ഓ മാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.







