തിരുവനന്തപുരം: കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതി അംഗീകരിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, വോട്ടര്‍പ്പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര് നീക്കം ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും, പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ചാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വൈഷ്ണ മുട്ടട വാര്‍ഡില്‍ സ്ഥിരതാമസമില്ലെന്ന് ബോധ്യപ്പെട്ടു.
കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതാണ് ചട്ടം.
മുട്ടടയില്‍ കുടുംബവീടുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം.
മുട്ടട വാര്‍ഡില്‍ താമസിക്കുന്നതിനുള്ള വാടക കരാറോ കെട്ടിടത്തിന്റെ വിവരങ്ങളോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ വൈഷ്ണ ഹാജരാക്കിയിരുന്നില്ല. 18/564 എന്ന കെട്ടിട നമ്പറില്‍ വൈഷ്ണയുടെ വോട്ട് ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കോണ്‍ഗ്രസ് മുട്ടട ഡിവിഷനില്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു വൈഷ്ണ സുരേഷ്.







