കാസര്‍കോട്: ബില്‍ അടയ്ക്കാത്തതിന് ഫ്യൂസ് ഊരിയ കെഎസ്ഇബിയോട് വിചിത്രമായ പ്രതികാരവുമായി യുവാവ്. കാസര്‍കോട് നഗരത്തിലെ വിവിധയിടങ്ങളിലെ ഫ്യൂസ് ഊരിയായിരുന്നു യുവാവ് പ്രതികാരം ചെയ്തത്. സംഭവത്തില്‍ ചൂരി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കുന്ന്, കാസര്‍കോട് സെക്ഷനുകളിലെ ഫ്യൂസുകളാണ് ഇയാള്‍ ഊരിയത്. വൈദ്യുതി ബിൽ അടയ്‌ക്കാത്തതിന് വീട്ടിലെ കണക‍്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിലാണ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് യുവാവ് തകർത്തത്. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂർ വൈദ്യുതി മുടങ്ങി.
22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബിൽ. 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. വെള്ളിയാഴ്ച രാവിലെയെത്തിയ ജീവനക്കാർ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണിൽനിന്നുള്ള കണക്‌ഷൻ വിഛേദിച്ചു. ഇതോടെ യുവാവ് കെഎസ്ഇബി ഓഫീസിൽ എത്തി പ്രശ്നമുണ്ടാക്കി. പിന്നീട് ഇയാൾ മടങ്ങിപ്പോയശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളിൽ നിന്നായി ഫോൺവിളിയെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാൻസ്ഫോമറുകളുടെയും ഫ്യൂസുകൾ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. ഫ്യൂസ് ഊരുന്നത് കണ്ട നാട്ടുകാർ യുവാവിനെ തടഞ്ഞിരുന്നു. 50ൽ ഏറെ ട്രാൻസ്ഫോമറുകളുടെ 200ൽ ഏറെ ഫ്യൂസുകളാണ് ഊരിയെറിഞ്ഞതെന്ന് കണ്ടെത്തി. ടൗൺ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.







