കിടപ്പുമുറിയിൽ നിന്ന് മാറാത്തതിന്റെ പേരിൽ 12 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; മാതാവും ആൺ സുഹൃത്തും അറസ്റ്റിൽ

കൊച്ചി: കിടപ്പുമുറിയിൽ നിന്ന് മാറാത്തതിന്റെ പേരിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച മാതാവും ആൺ സുഹൃത്തും അറസ്റ്റിൽ. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായ 37 കാരിയും സുഹൃത്ത് തിരുവനന്തപുരം ‌വാമനപുരം കല്ലറ സൗപർണിക വില്ലയിൽ സിദ്ധാർത്ഥ് രാജീവുമാണ് (24) എളമക്കര പൊലീസിന്റെ പിടിയിലായത്. സ്വകാര്യ യു ട്യൂബ്‌ ചാനൽ ജീവനക്കാരനാണ് യുവാവ്.ഭർത്താവുമായി 2021ൽ ബന്ധം വേർപിരിഞ്ഞ യുവതിയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്ലാറ്റിലാണ് താമസം. സിദ്ധാർത്ഥ് ജോലി ചെയ്യുന്ന യൂ ട്യൂബ് ചാനലിൽ യുവതി അവതാരകയാണ്. ഒരു മാസമായി യുവതിയുടെ ഫ്ലാറ്റിലാണ് സിദ്ധാർത്ഥ് താമസം. കഴിഞ്ഞ 12ന് രാത്രി ഇവർക്കൊപ്പം കിടന്ന കുട്ടിയോട് മറ്റൊരു മുറിയിൽ പോയി കിടക്കാൻ ഇരുവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടി അതിന് തയ്യാറായില്ല. ഇതിൽ പ്രകോപിതരായ മാതാവും യുവാവും കുട്ടിയെ അക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഭവം. സിദ്ധാർത്ഥ് ആദ്യം കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. പിന്നീട് കഴുത്തിന് പിടിച്ചു തള്ളി. ഇതിനു ശേഷമാണ് മാതാവ് നഖം ഉപയോഗിച്ച് കുട്ടിയുടെ ദേഹത്ത് മുറിവേൽപ്പിച്ചത്. കുട്ടിയുടെ പിതാവാണ് എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മാതാവിനെയും യുവാവിനെയും വെള്ളിയാഴ്ച വൈകിട്ട് കലൂരിൽ നിന്നു കസ്റ്റഡിയിലെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ടും ബി.എൻ.എസ് ആക്ടും ചുമത്തി. ഇരുവരെയും ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. കുട്ടി നിലവിൽ പിതാവിന്റെ സംരക്ഷണത്തിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page