പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊലീസ് സ്റ്റേഷനില്‍ വന്‍ പൊട്ടിത്തെറി; 7 പേര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ വന്‍സ്ഫോടനം. ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഏഴു പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
‘വൈറ്റ് കോളര്‍’ തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട കേസില്‍ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ സാമ്പിള്‍ എടുക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. വെള്ളിയാഴ്ച രാത്രിയാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരിലേറെയും പൊലീസുകാരും ഫൊറന്‍സിക് സംഘാംഗങ്ങളുമാണ്. മൂന്ന് സാധാരണക്കാരും പരിക്കേറ്റവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നൗഗാം പൊലീസ് സ്റ്റേഷനു മുന്നിൽ ജയ്ഷെ മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്റർ പതിച്ചതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഡോക്ടർമാർ ഉൾപ്പെട്ട വലിയ ഭീകരസംഘത്തെ പിടികൂടിയത്. 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 350 കിലോഗ്രാം അമോണിയം നൈട്രേറ്റുമുണ്ടായിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ ജമ്മുവിലെ സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഫരീദാബാദിൽ ആദ്യം പരിശോധന നടത്തി ഭീകര ബന്ധം കണ്ടെത്തിയത് ജമ്മു പൊലീസാണ്. അതിനാലാണ് സ്ഫോടക വസ്തുക്കൾ ഇവിടേയ്ക്ക് കൊണ്ടുവന്നത്. പിന്നീടാണ് എൻഐഎയ്ക്ക് കൈമാറിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page