കണ്ണൂര്‍: മുന്‍ എസിപി ടി കെ രത്‌നകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നുമാണ് രത്‌നകുമാര്‍ ജനവിധി തേടുക. കണ്ണൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാര്‍, അസി. കമ്മിഷണറായിരുന്ന രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നവീൻ ബാബുവിന്റെ മരണം അന്വേഷിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയാണ് കേസിലെ ഏക പ്രതി. അന്വേഷണം ശരിയായ രീതിയിലല്ലായിരുന്നുവെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ പി പി ദിവ്യയ്ക്ക് അനുകൂലമായ ഇടപെടലുകള്‍ പൊലീസ് നടത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് രത്‌നകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. അതിനിടെയാണ് സിപിഎം ടി കെ രത്‌നകുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് കോട്ടൂര്‍. താന്‍ സിപിഎം സഹയാത്രികനാണെന്നും പാര്‍ട്ടി നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ അംഗീകരിക്കുകയായിരുന്നുവെന്നുമാണ് രത്‌നകുമാര്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിൽ ചേരുന്നതിന് മുമ്പ് ശ്രീകണ്ഠപുരം സൊസൈറ്റി കോളജിൽ അധ്യാപകനും കോട്ടൂർ യുവധാര ക്ലബിന്റെ വോളീബോൾ താരവുമായിരുന്നു. രത്നകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മത്സരിക്കാൻ ടിക്കറ്റ് നൽകിയത് ഉദ്ദിഷ്ട കാര്യം സാധിച്ചു കൊടുത്തതിന്റെ ഉപകാര സ്മരണയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു.







