സിപിഐ നേതാവും പൂരക്കളി കലാകാരനുമായ പി നാരായണൻ അന്തരിച്ചു, സംസ്കാരം ഇന്നുച്ചയ്ക്ക്

പയ്യന്നൂർ: വെള്ളൂരിലെ മുതിർന്ന സി.പി.ഐ നേതാവും
പൂരക്കളികലാകാരനും നടനും എഴുത്തുകാരനുമായിരുന്ന പി. നാരായണൻ അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സമുദായ ശ്മശാനത്തിൽ.
പൂരക്കളിക്കാരൻ, പൂരക്കളി പാട്ടുകാരൻ, സംസ്കൃത പണ്ഡിതൻ, പൂരക്കളി പരിശീലകൻ, സംഘാടകൻ, നാടക നടൻ, കർഷകൻ, ഗ്രാമസംസ്കൃതിയുടെ എഴുത്തുകാരൻ എന്നീ നിലകളിൽ നിറഞ്ഞാടിയ ആ അതുല്യപ്രതിഭയായിരുന്നു പി.നാരായണൻ.
പൂരക്കളിപ്പാട്ടുകളും ശ്ശോകങ്ങളും അതി മനോഹരമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് പ്രശംസനീയമാണ്. സ്കൂൾ കലാശാല യുവജനോത്സവങ്ങളിൽ പൂരക്കളി ഒരു മത്സരയിനമായി പ്രഖ്യാപിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള പുരക്കളി അക്കാദമിയായിരുന്നു.
കേരള ഫോക് ലോർ അക്കാദമിയുടെ പൂരക്കളിക്കുള്ള പുരസ്കാരം ആദ്യമായി ലഭിച്ചത് വെള്ളൂർ പി.നാരായണനായിരുന്നു.
കൊടക്കാട് ഫോക് ലാൻ്റ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കുടക്കത്ത് കെട്ടണച്ചേരി ദേവസ്വവും 2017ൽ അദ്ദേഹത്തെ സ്വർണ്ണവള നൽകി ആദരിച്ചിട്ടുണ്ട്.
കർഷക കുടുംബത്തിൽ പിറന്ന നാരായണൻ മികച്ച കർഷകനും അറിയപ്പെടുന്ന കാളപൂട്ടുകാരനുമായിരുന്നു.
ഭാര്യ പരേതയായ ടി.നാരായണി. മക്കൾ: ടി.അജിത (മുൻ തൃക്കരിപ്പൂർ പഞ്ചായത്ത് മെമ്പർ), ടി. സന്തോഷ് കുമാർ (നേവി), ടി.വിനോദ് കുമാർ ( കെ എസ് ഇ ബി ), സജിന. സഹോദരങ്ങൾ: കെ.വി. കാർത്ത്യായനി, കെ.വി.ദാമോദരൻ, കെ.വി. ബാബു (മുൻ നഗരസഭ കൗൺസിലർ), പരേതനായ പി. സുകുമാരൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page