കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്‌കൂളിലെ പത്തു വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് തലശ്ശേരി പോക്‌സോ അതിവേഗ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ വിവാദം കൂടിയായ കേസില്‍ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസില്‍ സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തില്‍ ആയിരുന്നു.
2020 മാര്‍ച്ച് 16ന് തലശേരി ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയായിരുന്നു തുടക്കം. പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
നേരത്തെ, കുട്ടിയുടെ മൊഴിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും ബിജെപി നേതാവായ കുനിയില്‍ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നല്‍കിയത് വന്‍വിവാദമായിരുന്നു. കേസില്‍ പ്രതിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് മുസ്ലിംലീഗും കോണ്‍ഗ്രസും പ്രചാരണം നടത്തിയിരുന്നു.
2021 ല്‍ ഡിവൈഎസ്പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.







