കാസര്‍കോട്: വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ബംഗ്‌ളൂരു വിമാനത്താവളത്തില്‍ അറസ്റ്റിലായ നീലേശ്വരം ചിറപ്പുറം, പാലക്കാട്ടെ ഉല്ലാസ് കുഞ്ഞമ്പു (40)വിനെതിരെ ബേക്കല്‍ പൊലീസും കേസെടുത്തു. പനയാല്‍, ദേവന്‍പൊടിച്ച പാറയിലെ എം. ഗോപകുമാറിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. ഫിന്‍ലാന്റ് വിസ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി എട്ടു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. 2023 സെപ്തംബര്‍ മുതല്‍ വിവിധ തവണകളായി ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയുമാണ് പണം നല്‍കിയത്. വിസയോ പണമോ തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉല്ലാസിനെതിരെ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലും വിസ തട്ടിപ്പു കേസുകളുണ്ട്. വിസ തട്ടിപ്പു നടത്തിയ പണവുമായി കുടുംബസമേതം ഫ്രാന്‍സിലേക്ക് കടന്നു കളഞ്ഞ ഉല്ലാസിനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നു ബംഗ്‌ളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം ഉല്ലാസിനെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത്. വിവരമറിഞ്ഞ് ബംഗ്‌ളൂരുവില്‍ എത്തിയ ചിറ്റാരിക്കാല്‍ പൊലീസ് പ്രതിയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് നിരവധി വിസ തട്ടിപ്പ് കേസിലെ പ്രതിയാണെന്നു വ്യക്തമായതെന്നു കേസ് അന്വേഷിക്കുന്ന ചിറ്റാരിക്കാല്‍ എസ്.ഐ മധുസൂദനന്‍ മടിക്കൈ പറഞ്ഞു.







