മലപ്പുറം: എടപ്പാളില്‍ മകളെ കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകന്‍ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മില്‍ മുക്കി അഞ്ജനയെ കൊല്ലുകയായിരുന്നു. ശേഷം വീടിനു സമീപത്തെ മരത്തില്‍ അനിത തൂങ്ങി മരിച്ചുവെന്നാണ് വിവരം. അനിതാകുമാരിയുടെ ഭര്‍ത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ വിഷാദത്തിലായിരുന്നു. മകള്‍ക്ക് സെറിബ്രല്‍ പള്‍സി ബാധിച്ചിരുന്നു. മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.







