കാസര്‍കോട്: ഉപ്പളയില്‍ സദാചാര പൊലീസ് ചമഞ്ഞ സംഘം യുവാവിനെ തടഞ്ഞു നിര്‍ത്തിയും താമസ സ്ഥലത്ത് അതിക്രമിച്ചു കയറിയും ആക്രമിച്ചു. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കണ്വതീര്‍ത്ഥ സ്വദേശിയും ഉപ്പള, റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വാടക മുറിയില്‍ താമസക്കാരനുമായ ഇബ്രാഹിം കരീം(30)ആണ് അക്രമത്തിനു ഇരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട്ടെ ഒരു തീയേറ്ററില്‍ നിന്നു സിനിമ കണ്ട് ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടയിലായിരുന്നു ആദ്യ അക്രമമെന്ന് ഇബ്രാഹിം കരിം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംശയകരമായ സമയത്ത് എന്തിന് ഇവിടെ വന്നു എന്ന് ചോദിച്ച സംഘം പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് മുറിയിലെത്തിയെന്നും പിന്‍തുടര്‍ന്നെത്തിയ സംഘം മുറിയില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിക്കുകയും തല പിടിച്ച് ഭിത്തിയില്‍ ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് ഇബ്രാഹിം കരിം നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.






