കൂത്തുപറമ്പ്: വെളിച്ചെണ്ണ കടയില്‍ നിന്ന് പട്ടാപ്പകല്‍ 45,000 രൂപ കവര്‍ച്ച ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മാലൂര്‍, ശിവപുരം, സലീന മന്‍സിലിലെ വി.സി ഹാരിസിനെയാണ് കൂത്തുപറമ്പ് എ.സി.പി എം.പി. ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് കൂത്തുപറമ്പ് സബ് റജിസ്ട്രാര്‍ ഓഫീസിന് മുന്‍വശത്തെ കൃഷ്ണ കോക്കനട്ട് ഓയില്‍ എന്ന കടയില്‍ 45,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചാ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഹാരിസിനെ വീട്ടുകാര്‍ ഒഴിവാക്കിയിരുന്നു. ടൗണുകളിലെത്തി ലോഡ്ജില്‍ മുറിയെടുക്കും. അതിനുശേഷം പുറത്തിറങ്ങി കടകള്‍ നിരീക്ഷണത്തിലാക്കും. കവര്‍ച്ചക്ക് പറ്റിയ സന്ദര്‍ഭമാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ അവിടെ കയറി കവര്‍ച്ച നടത്തുകയാണ് പതിവ്. പകല്‍ മാത്രമേ ഇയാള്‍ കവര്‍ച്ച നടത്താറുള്ളൂ. രാത്രി റിസ്‌ക്ക് കൂടുതലാണ് എന്നതാണത്രെ പകല്‍ തിരഞ്ഞെടുക്കാന്‍ കാരണം.
2022 മുതല്‍ തലശേരിയിലെ ഒരു ലോഡ്ജിലാണ് ഇയാള്‍ താമസിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് കൂത്തുപറമ്പിലെത്തി മാനന്തേരി സ്വദേശി വി.കെ.അന്‍വറിന്റെ വെളിച്ചെണ്ണ കടയില്‍ പത്ത് ലിറ്റര്‍ വെളിച്ചെണ്ണ ആവശ്യപ്പെട്ട് കയറുകയായിരുന്നു. പത്ത് ലിറ്ററിന്റെ കന്നാസില്ലാത്തതിനാല്‍ കടയുടമ സമീപത്തെ കടയില്‍ നിന്നു കന്നാസ് വാങ്ങാന്‍ പോയ തക്കത്തിന് മേശവലിപ്പിന്റെ പൂട്ട് തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തലശേരിയിലെ ലോഡ്ജിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.







