മൊഗ്രാല്‍ പുത്തൂര്‍: വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ കടുക്കുമ്പോള്‍, കാല്‍നടയാത്രക്കാരെ പോലും ക്ഷീണിപ്പിക്കുന്ന കുന്നും മലയും കയറിയുള്ള വീടുകള്‍ തോറുമുള്ള യാത്രകള്‍ ഒരു ഭിന്നശേഷിക്കാരന് എത്രമാത്രം വെല്ലുവിളിയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, ആ വെല്ലുവിളികളെ തന്റെ മുച്ചക്ര സ്‌കൂട്ടറിന്റെ കരുത്തില്‍ മറികടന്ന് മുന്നോട്ട് പോവുകയാണ് കാസര്‍കോട് മണ്ഡലത്തിലെ മൊഗ്രാല്‍ പുത്തൂരിലെ 8-ാം നമ്പര്‍ ബൂത്ത് ലെവല്‍ ഓഫീസറായ ഹക്കീം കമ്പാര്‍. മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരനാണ് ഹക്കീം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും താഴെത്തട്ടിലുള്ളതും എന്നാല്‍ ഏറ്റവും നിര്‍ണ്ണായകവുമായ ഉദ്യോഗസ്ഥനാണ് ബൂത്ത് ലെവല്‍ ഓഫീസര്‍. വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ക്കല്‍, തിരുത്തല്‍, നീക്കം ചെയ്യല്‍, പുതിയ വോട്ടര്‍മാരെ കണ്ടെത്തല്‍ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് ഇവര്‍ക്കുള്ളത്. ഈ ജോലിയുടെ സുപ്രധാന ഭാഗം ഓരോ വീട്ടിലും നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ്.
ശാരീരിക വെല്ലുവിളികള്‍ ഈ ഉദ്യോഗസ്ഥനെ തളര്‍ത്തിയില്ല. ഒരു സാധാരണ ജീവനക്കാരനെ പോലെ, സമയബന്ധിതമായി തന്റെ ബൂത്തിലെ വീടുകള്‍ കയറി ഇറങ്ങാന്‍ അദ്ദേഹം ആശ്രയിക്കുന്നത് തന്റെ മുച്ചക്ര സ്‌കൂട്ടറിനെയാണ്. ദുര്‍ഘടമായ വഴികളിലൂടെയും ഇടുങ്ങിയ ഗ്രാമപാതകളിലൂടെയും ഈ സ്‌കൂട്ടര്‍ പോകുമ്പോള്‍, അത് വെറുമൊരു യാത്രയല്ല, ജനാധിപത്യ പ്രക്രിയയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.
വോട്ട് സംബന്ധമായ കാര്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ആളുകള്‍ക്കു മുന്നിലേയ്ക്ക് കൃത്യസമയത്ത് എത്തുന്ന ഇദ്ദേഹം, എല്ലാ രേഖകളും പരിശോധിച്ച്, വിവരങ്ങള്‍ ശേഖരിച്ച്, പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തന്റെ ചുമതലകള്‍ പൂര്‍ണ്ണതയോടെ നിര്‍വഹിക്കുന്നു.
എന്‍ ജി ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ ജോയിന്റ് സെക്രട്ടറി, ഭിന്നശേഷി ജീവനക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഡി എ ഡബ്ലിയൂ എഫ് സംഘടനയുടെ ഏരിയ സെക്രട്ടറി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാന്‍മ ഗ്രന്ഥാലയം ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഹക്കീം പ്രവര്‍ത്തിക്കുന്നു.







