തളിപ്പറമ്പ്: കിടപ്പു രോഗിയുടെ വീട്ടില്‍ നിന്നു 13 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും 27,000 രൂപയും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക, കുന്താപുരം സ്വദേശിയും കേസിലെ പരാതിക്കാരിയുടെ സഹോദരി ഭര്‍ത്താവുമായ ബി എം സുബീറി (42)നെയാണ് തളിപ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ബാബു മോന്‍ അറസ്റ്റു ചെയ്തത്. പന്നിയൂര്‍ എ എല്‍ പി സ്‌കൂളിനു സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ സി റഷീദയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയിലാണ് അറസ്റ്റ്. ഒക്ടോബര്‍ 17നും നവംബര്‍ രണ്ടിനും ഇടയിലുള്ള ഏതോ ദിവസമാണ് കവര്‍ച്ച നടന്നത്. റഷീദയുടെ സഹോദരി ഭര്‍ത്താവാണ് സുബിന്‍.
നവംബര്‍ രണ്ടിനാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അലമാരയുടെ താക്കോല്‍ മറ്റൊരു അലമാരയ്ക്ക് സമീപത്താണ് വച്ചിരുന്നത്. പ്രസ്തുത താക്കോല്‍ എടുത്താണ് കവര്‍ച്ച നടത്തിയത്.
വീടുമായി അടുത്ത് ഇടപഴകുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്നു സംശയിച്ചിരുന്നു. അതിനാല്‍ ആദ്യം പരാതി നല്‍കിയിരുന്നില്ല. പിന്നീട് പരാതി നല്‍കി.
പരാതിക്കാരിയായ റഷീദയുടെ ഭര്‍ത്താവ് ബി മുസ്തഫ കിടപ്പുരോഗിയാണ്. ഇയാളെ പരിചരിക്കുവാന്‍ സുബീര്‍ വീട്ടില്‍ വരാറുണ്ട്. ഇയാളായിരിക്കാം കവര്‍ച്ചയ്ക്കു പിന്നിലെന്നു പൊലീസിനു സംശയം ഉണ്ടായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യാതൊരു സംശയം ഉണ്ടാകാത്ത തരത്തിലായിരുന്നു സുബീര്‍ മറുപടി നല്‍കിയത്. ഇയാളുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയ്ക്കു തുമ്പുണ്ടാക്കിയ വിവരം ലഭിച്ചത്. വന്‍ തോതില്‍ ലോട്ടറി ടിക്കറ്റ് എടുക്കുന്നതും പണം വച്ച് ചീട്ട് കളിക്കുന്നതും പരിവായിരുന്നു. ഇതു കാരണം ഉണ്ടായ വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്നു രക്ഷപ്പെടാനാണ് ഭാര്യാ സഹോദരിയുടെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ് ഐ ദിനേശന്‍ കോതേരി, എ എസ് ഐ, ജയ്‌മോന്‍ ജോര്‍ജ്ജ്, പ്രൊബേഷന്‍ എസ് ഐ ഹസ്ബര്‍ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയ പ്രതിയെ അറസ്റ്റു ചെയ്തത്.







