കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ ഒന്‍പതാമത് ബിരുദദാന സമ്മേളനം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും. പെരിയ ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറലും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സെക്രട്ടറിയുമായ ഡോ.എന്‍ കലൈശെല്‍വി മുഖ്യാതിഥിയായി ബിരുദദാന പ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗുര്‍ അധ്യക്ഷത വഹിക്കും. 2025ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 923 വിദ്യാര്‍ത്ഥികൾ ബിരുദം ഏറ്റുവാങ്ങും. 36 പേര്‍ക്ക് ബിരുദവും 771 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 36 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 80 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും നല്‍കും. 750 പേരാണ് നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍ സമ്മാനിക്കും. വാർത്താസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. ജയപ്രകാശ്, പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ. മനു, കെ. സുജിത് പങ്കെടുത്തു.







