തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 9 നും 11നും വോട്ടെടുപ്പ് നടക്കും. 13 ന് വോട്ടെണ്ണും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9 നാണ് വോട്ടെടുപ്പ്. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 14 ന് നിലവില്‍ വരും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 21 നാണ്. സൂക്ഷ്മ പരിശോധന 22ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം നവംബര്‍ 24 നാണ്. വോട്ടെടുപ്പു രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ആറുവരെയാണ്. പോളിങ് ദിവസം പൊതുഅവധിയായിരിക്കും.
1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 12035 വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളാണ്. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ കാലാവധി പൂര്‍ത്തിയായശേഷമേ തിരഞ്ഞെടുപ്പുണ്ടാകൂ. എന്നാല്‍ പെരുമാറ്റ ചട്ടം മട്ടന്നൂരിലും ബാധകമാണ്. സംസ്ഥാനത്ത് ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. 2841 പ്രവാസി വോട്ടര്‍മാരുണ്ട്. 33746 പോളിങ് സ്‌റ്റേഷനുകളുണ്ട്. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും.







