തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകും. എത്രഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നതടക്കമുള്ള വിശദവിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വിവരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. പലയിടങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനവും പുരോഗമിക്കുകയാണ്. 2020 ഡിസംബർ 21നാണ് നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്. പുതിയ സമിതികൾ ഡിസംബർ 21ന് ചുമതലയേൽക്കണം. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്. വിജ്ഞാപനം വന്ന് ഒരാഴ്‌ചയ്‌ക്കകം നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയാക്കണം. സ്ഥാനാർഥികളുടെ അന്തിമരൂപം ആയാൽ 14 ദിവസമാണ് പ്രചാരണത്തിന് ലഭിക്കുക. സംസ്ഥാനത്ത് ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിയാണ് ഭരിക്കുന്ന ത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. അന്തിമ പട്ടികയിൽ 2,84,30,761 വോട്ടര്‍മാരാണുള്ളത്. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്‌ത്രീകളും 271 ട്രാൻസ്‌ജെൻഡർമാരും. കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ, 35,74,802. കുറവ് വയനാട്ടിൽ, 640183.







