തിരഞ്ഞെടുപ്പ് ചൂടില്‍ ഇനി കേരളം; സ്ഥാനാര്‍ഥിയാകാനുള്ള യോഗ്യത എന്താണ്, തിരഞ്ഞെടുപ്പിന് വേണ്ടി സ്ഥാനാര്‍ഥികള്‍ക്ക് എത്ര തുക ചെലവഴിക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്ന ദിവസം 21 വയസ് പൂര്‍ത്തിയായവര്‍ക്ക് നാമനിര്‍ദേശ പത്രിക നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ ബന്ധപ്പെട്ട അധികാരിയില്‍നിന്നുളള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനല്‍കുകയും വേണം. നാമനിര്‍ദ്ദേശപത്രിക നിശ്ചിത ഫാറത്തില്‍ (ഫാറം -2) വേണം നല്‍കേണ്ടത്. പത്രികയോടൊപ്പം ഫാറം 2 എ -ല്‍ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശ്ശികയുടെയും, ക്രിമിനല്‍ കേസുകളുടെയും ഉള്‍പ്പടെയുളള വിശദവിവരങ്ങള്‍ നല്‍കണം. സ്ഥാനാര്‍ത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തില്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും. സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 1,50,000 രൂപയും ആണ്. സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കണം. ചെലവ് കണക്ക് നല്‍കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് കമ്മീഷന്‍ അയോഗ്യരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page