കാസര്‍കോട്: ഉപ്പളയിലെ ഗള്‍ഫുകാരന്റെ വീടിന് നേരെ ശനിയാഴ്ച നടന്ന വെടിവെപ്പ് സംഭവം വഴിത്തിരിവില്‍. വെടിവെച്ചത് വീട്ടുകാരനായ 14 കാരനാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ നാട്ടുകാരെയും പൊലീസിനെയും അമ്പരിപ്പിച്ച ആശങ്ക നീങ്ങി. ഞായറാഴ്ച വൈകീട്ട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുപറഞ്ഞത്. വെടിവെക്കാനുപയോഗിച്ച എയര്‍ഗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ടാണ് വീടിന് നേരെ വെടിവപ്പ് നടന്നതെന്നാണ് പരാതിയുണ്ടായിരുന്നത്. സംഭവ സമയം ഗള്‍ഫുകാരന്റെ മകനായ 14 കാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും രണ്ടുമക്കളും വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തുപോയിരുന്നു. കുട്ടിയുടെ വിവരത്തെ തുടര്‍ന്ന് വീട്ടുകാര്‍ മഞ്ചേശ്വരം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ രാത്രിതന്നെ പൊലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ രണ്ടാം നിലയിലെ ജനല്‍ ചില്ലുകളാണ് വെടിയേറ്റ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെ ഫൊറന്‍സിക് വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ സംഭവസമയത്ത് ഒരുവാഹനവും വന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ദുരൂഹതയേറിയതോടെ പൊലീസ് കുട്ടിയെ വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പിതാവിന്റെ എയര്‍ഗണ്‍ എടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് കുട്ടി നല്‍കിയ മൊഴി. ഒരു തമാശയ്ക്ക് ചെയ്തതാണെന്നാണ് കുട്ടി പറയുന്നത്. പക്ഷെ ഇക്കാര്യം വീട്ടുകാര്‍ അറിയില്ലെന്നാണ് നിഗമനം. കുട്ടി മെനഞ്ഞുണ്ടാക്കിയ കഥ കേട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പറയുന്നു. 14 കാരനെതിരെ ഇനി കേസെടുക്കണമോയെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.







