തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സംസ്ഥാനം കടുത്ത രാഷ്ട്രീയ ചൂടിലേക്കു തിരിഞ്ഞു.
ഇടതു മുന്നണിക്കും സംസ്ഥാന ഭരണത്തിനുമെതിരെ പുകഞ്ഞു കൊണ്ടിരിക്കുന്ന നിരവധി ആരോപണങ്ങളെ ജനങ്ങള്‍ കൊള്ളുന്നോ, തള്ളുന്നോ എന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് ഇടതു മുന്നണിയും ബി ജെ പിയും കച്ചമുറുക്കിക്കഴിഞ്ഞു. യു ഡി എഫില്‍ മുസ്ലീംലീഗ് തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്കു തയ്യാറെടുപ്പു പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസും ഒപ്പമുണ്ട്.
അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഏകാഭിപ്രായം പല പാര്‍ട്ടികളിലും വഴിമുട്ടി നില്‍ക്കുകയാണ്. നിലവിലുള്ള പഞ്ചായത്തുകളിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിലും അധികാരം നിലനിറത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും മത്സരിക്കുമ്പോള്‍ അവയ്ക്ക് രണ്ടിനും കടുത്ത വെല്ലുവിളി ബി ജെ പി ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടികള്‍ പാടുപെടുന്നതിനിടയില്‍ ചില വാര്‍ഡുകളിലെങ്കിലും പ്രധാന പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇതു പാര്‍ട്ടികള്‍ക്കു തലവേദനയുണ്ടാക്കുന്നു. അതേസമയം സീറ്റു വിഭജനം സംബന്ധിച്ച അനിശ്ചിതത്വത്തിനിടയില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി രംഗപ്രവേശം ചെയ്യുമെന്ന ആശങ്ക രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളെയും അലോസരപ്പെടുത്തുന്നു.
സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിനും സി പി എമ്മിനും ബി ജെ പിക്കും സി പി ഐക്കും മുസ്ലീംലീഗിനും തിരഞ്ഞെടുപ്പു ഫലം നിര്‍ണ്ണായകമാണ്. അവയുടെ ഭാവി മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും നിര്‍ണ്ണയിക്കുന്നത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചായിരിക്കുമെന്നുറപ്പാണ്.
രാഷ്ട്രീയ രംഗത്തെ സാന്നിധ്യമാവാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ, ഐ എന്‍ എല്‍, പി ഡി പി മറ്റു ചെറുപാര്‍ട്ടികള്‍ എന്നിവക്കും തിരഞ്ഞെടുപ്പു ഫലം പ്രധാന ദിശാസൂചകമായിരിക്കുമെന്നത് അവയെയും അലോസരപ്പെടുത്തുന്നുണ്ട്.







