കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട്ടെ വ്യാപാരിയുടെ ബാഗും ഫോണും കവര്‍ന്ന മോഷ്ടാവ് പിടിയില്‍. ഓങ്ങല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ സൈനുല്‍ ആബുദ്ദീന്‍ (39) ആണ് പിടിയിലായത്. ജന്മനാ സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്തയാളാണ് പ്രതി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടു നിന്നും എറണാകുളത്തേക്ക് മംഗള എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വ്യാപാരിയും കാഞ്ഞങ്ങാട് സ്വദേശിയുമായ സികെ ആസിഫിന്റെ ഒന്നേകാല്‍ ലക്ഷത്തിലധികം വില വരുന്ന ഐഫോണും, 7000 രൂപയിലധികം പണവും അടങ്ങിയ ബാഗാണ് ഇയാള്‍ മോഷ്ടിച്ചത്. എസി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സി കെ ആസിഫ് യാത്ര ചെയ്തിരുന്നത്. ഉറക്കം ഉണര്‍ന്നു നോക്കുമ്പോള്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയിരിക്കുന്നു. അപ്പോഴാണ് ബാഗും ഫോണും നഷ്ടപ്പെട്ട വിവരം വ്യാപാരി അറിയുന്നത്. ആസിഫ് ഉടനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിനെ സമീപിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിനെയും ആര്‍പിഎഫിനെയും സഹായിച്ചത്. കോഴിക്കോട് മുതലുള്ള വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, തിരൂരില്‍ നിന്നും പ്രതി ട്രെയിനിലേക്ക് കയറുന്നതും പട്ടാമ്പിയില്‍ ബാഗുമായി ട്രെയിനില്‍ നിന്നും ഇറങ്ങി പോകുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ രാത്രി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്‌പെഷ്യല്‍ ഡ്രൈവിനിടെ ബാഗുമായി പ്രതി റെയില്‍വേ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ട്രെയിനുകളില്‍ സ്ഥിരമായി മോഷണം നടത്തുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.







