കാസർകോട്: ഉപ്പള ഹിദായത്ത് ബസാറിലെ ഗൾഫുകാരന്റെ വീടിന് നേരെ അജ്ഞാതർ വെടിവെച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെ ഹിദായത്ത് ബസാറിലെ അബൂബക്കറിന്റെ വീടിനു നേരെയാണ് അജ്ഞാതർ വെടിയുതിർത്തത്. ജനൽ ചില്ലുകൾ തകർന്നു. അബൂബക്കർ ഖത്തറിലാണ്. ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വെടിവെച്ച സംഘം അപ്പോൾതന്നെ സ്ഥലം വിട്ടിരുന്നു. കാറിൽ എത്തിയ സംഘമാണ് വെടിവെച്ചതെന്നാണ് പറയുന്നത്. വിവരത്തെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജമാക്കി.







