കൊല്ലം: ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. കൊല്ലം സ്വദേശി രേഷ്മയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മ അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ആരോപണം. 29 കാരിയുടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രേഷ്മ ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ചത്. ശൂരനാട് നടന്ന അന്ത്യ കര്‍മ്മങ്ങള്‍ക്ക് പോലും ഭര്‍ത്താവും വീട്ടുകാരും വന്നില്ല. പൊലീസിന്റെ സഹായത്തോടെയാണ് 6 വയസുള്ള മകനെ സംസ്‌കാര ചടങ്ങിന് കൊണ്ടു വന്നതെന്നും കുടുംബം പറയുന്നു. രേഷ്മ പിതാവിനെ വിളിച്ച് കരഞ്ഞ് കാര്യം പറയുന്നതാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. 2018 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്നു കുടുംബം പറയുന്നു. നിന്റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷമെന്നും മകള്‍ വിഷമിക്കരുതെന്നും സമാധാനമായിരിക്കാനും പിതാവ് പറയുന്നുണ്ട്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രേഷ്മ ശൂരനാടുള്ള വീട്ടില്‍ എത്തിയിരുന്നു. സഹോദരിയുടെ ബുക്കില്‍ വിഷമങ്ങള്‍ കുറിച്ചിട്ടിരുന്നു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെയാണ് കുറിപ്പ്. നല്‍കിയ സ്‌നേഹം തിരിച്ചു കിട്ടിയില്ലെന്നാണ് വാക്കുകള്‍. രേഷ്മയെ ഭര്‍ത്താവ് ശാരീരികമായും ഉപദ്രവിച്ചെന്നാണ് ആരോപണം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യ പ്രേരണയും ഗാര്‍ഹിക പീഡനവും ചൂണ്ടിക്കാട്ടി നിയമ പോരാട്ടം നടത്തുമെന്നും രേഷ്മയുടെ കുടുംബം വ്യക്തമാക്കി.







